June 24, 2016

Friday, June 24, 2016 - 2 comments

പ്രണയലേഖനം

മലയാളം ബ്ലോഗേർസ് മാഗസിനായ ഈ-മഷി ഫെബ്രുവരിയിൽ നടത്തിയ പ്രണയലേഖന മൽസരത്തിൽ മൂന്നാം സ്ഥാനം കിട്ടിയ എന്റെ സ്വന്തം പ്രണയലേഖനം,  ധാ പിടിച്ചോ...


താനിപ്പോൾ കരുതുന്നുണ്ടാകും ഫേസ്ബുക്കിൻറെയും വാട്ട്സ്സാപ്പിൻറെയും കാലത്തു ആരാ ഇങ്ങനെയൊരു കത്തെഴുതാൻ നിൽക്കുകയെന്ന്. എന്തോ, എനിക്കങ്ങനെ തോന്നി. എൻറെ മനസ്സിലുള്ളത് അക്ഷരങ്ങളായി തന്നെ നിന്നിലെത്തണമെന്നു, മഷിയുടെ മണമുള്ള, ജീവനുള്ള അക്ഷരങ്ങളായി.

ഫേസ്ബുക്കിനും വാട്ട്സ്സാപ്പിനുമൊന്നും തരാൻ പറ്റാത്തയൊരു അനുഭൂതിയുണ്ട്, ഒരു കത്തു വായിക്കുമ്പോൾ മാത്രം കിട്ടുന്നത്. എൻറെ ചുറ്റും ചുരുണ്ടുകൂടി കിടക്കുന്ന കുറെ കടലാസ്സുകളുണ്ട്. എല്ലാത്തിനും ഒരേ കാര്യം തന്നെയാണ് പറയാനുണ്ടാകുക. ഇത്രയും കാലം അടുത്തുണ്ടായിട്ടും പറയാൻ കഴിയാതിരുന്ന, ലോകത്തെ ഏറ്റവും സുന്ദരമായ ആ മൂന്നു വാക്കുകൾ, ആയിരകണക്കിന് കാതങ്ങൾ അകലെയിരുന്നു ഞാനെഴുതുകയാണ്, "ഞാൻ നിന്നെ പ്രണയിക്കുന്നു".

എന്നുമുതൽക്കാണ് നിന്നിൽ എന്നെതന്നെയെനിക്കു നഷ്ട്ടപ്പെട്ടതെന്നറിയില്ല. പക്ഷെ നമുക്കിടയിലെ ഈ ദൂരമുണ്ടല്ലോ, ആ ദൂരമാണ് എനിക്കാ സത്യം മനസ്സിലാക്കിതന്നത്. രണ്ടു മഹാസമുദ്രങ്ങൾക്കുമപ്പുറം നീ ഉറങ്ങുകയാണെന്നറിയാം, ഇവിടെ ഈ ചില്ലുജാലകത്തിനപ്പുറം, തലയുയർത്തി നിൽക്കുന്ന, ന്യൂയോർക്ക്‌ നഗരം എന്നെ പഴയതുപോലെ ഭ്രമിപ്പിക്കുന്നേയില്ല. വല്ലാത്തൊരു ശൂന്യത, ഒരു ശ്വാസംമുട്ടൽ മാത്രം.

നീയില്ലാത്ത ഓഫീസ്, നിൻറെ ചിരിച്ചുകൊണ്ടുള്ള "ഗുഡ് മോർണിംഗ്" കേൾക്കാത്ത ദിവസങ്ങൾ, രണ്ടു ചിറകുകൾ കിട്ടിയിരുന്നെങ്കിലെന്നാഗ്രഹിച്ചു പോണു. എൻറെ ഇപ്പൊഴത്തെ ഏറ്റവും വലിയ ആഗ്രഹം എന്തെന്നറിയോ? ഒരു കാന്തം പോലെയെന്നെ നിന്നിലേക്ക്‌ വലിച്ചടുപ്പിച്ച, നിൻറെ കണ്ണുകളിലേക്കുനോക്കി കാലം ഓടി പോകുന്നതറിയാതെ ഇരിക്കണം.

നിനക്കറിയോ നിൻറെ കണ്ണുകളിൽ ഞാൻ കണ്ട അത്ഭുതങ്ങൾക്ക് ഒരറുതിയില്ല, ഒരു നദി കുലം കുത്തിപായുന്നതും, ഒരു മഴക്കാടുണ്ടായി വരുന്നതും, ഒരു കടലിരമ്പുന്നതും ഒക്കെ. അങ്ങനെ ആരും കാണാത്ത ഒരു ഭൂകണ്ഡം മുഴുവൻ. കാഴ്ച്ചയുടെ ഒരറ്റത്തു നീയിരിക്കുമ്പോൾ ചുറ്റും മറ്റൊന്നുമില്ല. നിൻറെ കണ്ണിറങ്ങി വന്ന മിന്നാമിന്നിക്കൂട്ടം മാത്രം. നമുക്കൊരുമിച്ചു ഭൂമിയുടെ അറ്റം വരെ യാത്ര പോകണം - കാടുകളിൽ, വൻനഗരങ്ങളിൽ, ജനപഥങ്ങളിൽ, മഞ്ഞുമൂടിയ ഗിരിനിരകളിലൊക്കെ. അന്യോന്യം പൂരിപ്പിക്കപ്പെടണം നാം.

പ്രിയപ്പെട്ടവളെ, നമുക്കു സുന്ദരമായി ജീവിച്ചു മരിക്കാം. എന്നിട്ട് മിന്നാമിന്നുങ്ങുകളായി പുനർജനിക്കാം.....

എന്ന്, നിൻറെ ... നിൻറെ മാത്രം ഞാൻ!

2 comments:

നന്നായിട്ടുണ്ട് ട്ടാ

നന്നായിട്ടുണ്ട്
ആശംസകള്‍

Post a Comment